ക്ഷേത്രമാഹാത്മ്യം

പ്രാര്‍ത്ഥനാപൂര്‍വ്വം

ജീവിതത്തില്‍ ശാന്തിയും സമാധാനവും പുലരാന്‍ പ്രാര്‍ത്ഥനയാണ് ഉത്തമമാര്‍ഗ്ഗം. അശാന്തവും അസ്വസ്ഥവുമായ ജീവിതസാഹചര്യങ്ങളില്‍നിന്ന് സംതൃപ്തിയുടെ പശ്ചാത്തലത്തിലേക്ക് എത്താനുള്ള വഴികളിലൊന്നാണ് ക്ഷേത്രദര്‍ശനം. തീര്‍ത്ഥാടനത്തിന്റെ ധന്യത മനസ്സിനെ നവീകരിയ്ക്കുന്നു. ശുദ്ധീകരിയ്ക്കുന്നു.

അപൂര്‍വ്വ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലെത്തുമ്പോള്‍ അതുവരെ ലഭിക്കാത്ത മാനസികാനന്ദം അനുഭവപ്പെടുക സ്വാഭാവികമാണ്. ഇക്കാലംവരെ ഇവിടെ എത്തിപ്പെടാന്‍ സാധിച്ചില്ലല്ലോ എന്നകുണ്ഠിതം തൊഴുതുമടങ്ങുമ്പോഴേയ്ക്കും ഇല്ലാതാവുന്നു. ചില നിമിത്ത നിയോഗങ്ങളെച്ചൊല്ലി സ്വയം സമാധാനപ്പെടുന്നു.
Praveshana Kavadam

മലപ്പുറം ജില്ലയിലെ ആലത്തിയൂര്‍ പാവേരിക്കര നാരായണത്തുകാവ് സുദര്‍ശനക്ഷേത്രം അപൂര്‍വതയുടെ ധന്യഭൂമികൂടിയാണ്. സുദര്‍ശന പ്രതിഷ്ഠയുള്ള ചുരുക്കം അമ്പലങ്ങളില്‍ ഒന്നാണിത്. മഹാവിഷ്ണുവിന്റെ സാന്നിധ്യമാണ് സുദര്‍ശനത്തിലൂടെ കൈ വരുന്നത്. സന്താനഗോപാലം കഥയില്‍ ഭഗവാന്‍ സുദര്‍ശനസഹായത്തോടെ അര്‍ജ്ജുനന് വൈകുണ്ഠദര്‍ശനം നല്‍കുന്ന ധ്യാനസ്വരൂപമാണ് ഇവിടത്തെ പ്രതിഷ്ഠ. അര്‍ജ്ജുനന്‍ അന്ന് ലഭിച്ച മന:സുഖത്തിന് സമമായ അവസ്ഥ ഇവിടെ ദര്‍ശനം നടത്തുന്നവര്‍ക്കും ലഭിയ്ക്കുന്നു എന്നാണ് വിശ്വാസം.

സുദര്‍ശനത്തിന്റെ ധ്യാനശ്ലോകം:

കല്‍പ്പാന്തര്‍ക്കപ്രകാശം ത്രിഭുവനമഖിലം
തേജസാ പൂരയന്തം
രക്താക്ഷം പിംഗകേശം രിപുകുലഭയദം
ഭീമദംഷ്ട്രാട്ടഹാസം
ചക്രം ശംഖം ഗദാബ്‌ജേ പുഥുതരമുസലം
ചാപപാശാങ്കുശാന്‍ സ്വൈര്‍-
ബിഭ്രാണം ദോര്‍ഭിരാദ്യം മനസി മുരരിപും
ഭവനയേച്ചക്രസംജ്ഞം.

കല്‍പ്പാന്തസൂര്യനെപ്പോലെ അതിപ്രകാശമാനനും സ്വതേജസ്സുകൊണ്ടു മൂന്നു ലോകത്തേയും പ്രകാശിപ്പിയ്ക്കുന്നുവെന്നും ചുവന്ന നേത്രങ്ങളോടുകൂടിവനും, പിംഗളവര്‍ണ്ണമായ കേശഭാരമുളളവനും, ശത്രുക്കള്‍ക്കു ഭയങ്കരനും ഭയങ്കരമായ ദംഷ്ട്രങ്ങളോടും അട്ടഹാസത്തോടും കൂടിയവനും, ചക്രവും ശംഖും ഗദയും താമരപ്പൂവും വലിയ ഇരുമ്പുലയ്ക്കയും വില്ലും കയറും തോട്ടിയും കൈകളില്‍ ധരിച്ചവനും ആദിമൂര്‍ത്തിയും ചക്രസ്വരൂപിയുമായ മഹാവിഷ്ണുവിനെ മനസ്സില്‍ ധ്യാനിയ്ക്കണം.

ചക്രം ച ചക്രാങ്കകിരീടമൌലീം
സ ചക്രശംഖം സഗദം സശാര്‍ങ്ഗം
രക്താംബരം രക്തതനും കരാളം
ദംഷ്ട്രാനനം സന്തതമാതനോതി.

ചക്രത്തിന്റെ അടയാളമുള്ള കിരീടം ധരിച്ചും ചക്രവും ശംഖും ഗദയും ശാര്‍ങ്ഗവും ധരിച്ച നാലുകൈകളോടുടിയും ചുവന്ന വസ്ത്രം ഉടുത്തും ചുവന്ന ദേഹനിറത്തോടുകൂടിയും ഭയങ്കരാകൃതിയായും ദംഷ്ട്രങ്ങളോടുകൂടിയ മുഖത്തോടുകൂടിയും ഇരിയ്ക്കുന്ന ചക്രമൂര്‍ത്തിയെ എപ്പോഴും നമസ്‌കരിയ്ക്കുന്നു.

സുദര്‍ശനമന്ത്രം:

ഓം നമോ ഭഗവതേ മഹാസുദര്‍ശനായ ഹും ഫട്

ജപിയ്ക്കാനുളള മന്ത്രം;

ജ്വലന്തം തേജസാ നിത്യം
സര്‍വ്വശത്രു നിബര്‍ഹണം
സുദര്‍ശനമഹം വന്ദേ
ദേവ ദേവം ജഗല്‍പതിം

കലികാലത്ത് പരമഭക്തന്മാര്‍ക്കുവരെ ക്ലേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക അസാധ്യമാണ്. സുദര്‍ശന പ്രാര്‍ത്ഥനാസ്തവങ്ങളിലൂടെ പാപമോചനം ലഭിക്കുകയും ഭഗവദ്കടാക്ഷം സാധ്യമാവുകയും ചെയ്യുന്നു. മഹാഭാരതത്തിലും വിഷ്ണുപുരാണത്തിലും സുദര്‍ശനചക്രത്തിന്റെ മഹത്വത്തെക്കുറിച്ച് പറയുന്നുണ്ട്. വിശ്വകര്‍മ്മാവ് സൂര്യന്റെ തേജസ്സ് കുറയുന്നതിനായി സൂര്യനെ യന്ത്രത്തിലിട്ട് കടഞ്ഞപ്പോള്‍ സുദര്‍ശന ചക്രം ഉത്ഭവിച്ചു എന്ന് ഐതിഹ്യം. ഏലസ്സുകളില്‍ സുദര്‍ശനയന്ത്രം പ്രധാനമാണ്. ശക്തിയുടെയും തടസ്സനിവാരണത്തിന്റെയും പ്രതീകംകൂടിയാണ് സുദര്‍ശനം.

ശ്രീനാരായണത്ത്കാവ് സുദര്‍ശനക്ഷേത്രത്തില്‍ സുദര്‍ശനഐശ്വര്യവുമായി ബന്ധപ്പെട്ട വഴിപാടുകള്‍ പ്രത്യേകമായി ചെയ്തു വരുന്നു. ഇതിന് പ്രത്യേകമായി പരിചയമുള്ളവരെയാണ് നിയോഗിച്ചിട്ടുള്ളത്. ഐശ്വര്യസിദ്ധി, വിജ്ഞാനഭീപ്തി, സന്താനലബ്ദി എന്നി വഴിപാടുകള്‍ പ്രധാനമാണ്. ആണ്‍കുട്ടി ജനിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ക്ക് പ്രത്യേക പൂജ നടത്താവുന്നതാണ്.

സുദര്‍ശനഹോമം, മഹാസുദര്‍ശനഹോമം എന്നിവ സുദര്‍ശനചക്രപ്രതിഷ്ടയുള്ള സ്ഥലത്തുവെച്ച് നടത്തുമ്പോള്‍ പ്രത്യേകമായ ഫലസിദ്ധികൈവരുന്നു. സുദര്‍ശന യന്ത്രം പൂജിച്ച്ധരിയ്ക്കുന്നത് ശത്രുദോഷങ്ങള്‍ അടക്കമുള്ള ശരീരത്തില്‍ ആവേശിച്ച സകലദോഷങ്ങള്‍ക്കും പരിഹാരമാവുന്നു. വ്യാഴം, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ ദോഷം വരുന്നവര്‍ക്ക് സുദര്‍ശനയന്ത്രം അണിഞ്ഞാല്‍ പ്രശ്‌നപരിഹാരം സിദ്ധിക്കുന്നു.

ശോഭനമായ ദര്‍ശനത്തോടുകൂടിയത് എന്നും ഭക്തന്മാര്‍ക്ക് സുഖകരമായ ദര്‍ശനത്തെ നല്‍കുന്നത് എന്നുമാണ് സുദര്‍ശനം എന്നവാക്കിന് അര്‍ത്ഥം ശ്രീനാരായണത്ത് കാവ് സുദര്‍ശനക്ഷേത്രത്തില്‍ ദര്‍ശനവും, വഴിപാടും നടത്തുന്നവര്‍ക്ക് ഇത് സത്യമാണെന്ന് ബോധ്യപ്പെടും. ഗണപതിയും ശാസ്താവും ദുര്‍ഗ്ഗയും നാഗരാജാവും നാഗയക്ഷിയും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകളാണ്. ഈ ദേവീദേവന്മാരുടെ അനുഗ്രഹവും ഉണ്ടാകട്ടെ.

അനുഭവമാണ് ഒരാളെ വിശ്വാസിയാക്കുന്നത്. വിശ്വാസത്തിന്റെ മറ്റൊരു വഴി ഞങ്ങള്‍ ഒരുക്കുകയാണ്. സുദര്‍ശനപ്രതിഷ്ടാദര്‍ശനത്തിന്റെയും ഹോമത്തിന്റെയും യന്ത്രധാരണത്തിന്റെയും ഫലസിദ്ധി നിങ്ങള്‍ക്കു കൈവരട്ടെ.

ക്ഷേത്രത്തില്‍ എത്തിച്ചേരാനുള്ള വഴി
1. കുറ്റിപ്പുറം-തിരൂര്‍ റൂട്ടില്‍ കാരത്തൂര്‍ ബസ്സ് സ്റ്റോപ്പില്‍ ഇറങ്ങി കൈനിക്കര വഴി 2 കിലോമീറ്റര്‍.
2. തിരൂര്‍-കുറ്റിപ്പുറം റൂട്ടില്‍ മുസ്‌ലിയാരങ്ങാടി ബസ്സ് സ്റ്റോപ്പില്‍ ഇറങ്ങി ഹനുമാന്‍കാവ് വഴി 2 കിലോമീറ്റര്‍
3. തിരൂര്‍-ചമ്രവട്ടം/തിരൂര്‍-പുറത്തൂര്‍ റൂട്ടില്‍ പഞ്ഞന്‍പടി ബസ്സ് സ്റ്റോപ്പില്‍ ഇറങ്ങി പാവേരിക്കര വഴി 1 കിലോമീറ്റര്‍

കൂടുതല്‍ വിവരങ്ങള്‍
വഴിപാട് വിവരം
വഴിപാടുകള്‍ക്ക് പണം അയക്കേണ്ട വിലാസം

Privacy Policy © 2024 Sri Narayanathu Kavu Sudarsana Temple, All rights reserved.